Sunday, 12 May 2019

Remembering you my stranger brother !!

എന്റെ ആദ്യത്തെ ഔദ്യോഗിക വിദേശ യാത്ര അവിസ്മരണീയം തന്നെയായിരുന്നു.മറക്കാനാകാത്ത ധാരാളം കാഴ്ചകളും രുചികളും സമ്മാനിച്ച ബെൽജിയം , ചില ഞരമ്പ്  നടുക്കുന്ന അനുഭവങ്ങളും തന്നില്ലെന്നു പറയാതെ വയ്യ  .

എന്റെ ആദ്യദിവസം തന്നെ അവിടത്തെ ഓഫീസിലെ വിദേശിയായ മാനേജർ, രാവിലെ ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും ഓഫീസിലേക്കു കൂട്ടികൊണ്ടു  പോയി. വഴി നന്നായി  മനസിലാക്കിയിരുന്നു എന്നാണ് ഞാൻ വിചാരിച്ചത്.ആയതിനാൽ തിരിച്ചു ഒറ്റയ്ക്ക് നടക്കാമെന്നുറപ്പിച്ചു നടന്നു. പക്ഷെ, വഴിയിൽ പകുതി എത്തിയപ്പോളാണ് ഞാൻ മനസിലാക്കിയത് അവിടെയുള്ള എല്ലാ ഫ്ലാറ്റുകളും ഒരേ പോലെയാണ്.ഞാൻ താമസിച്ച ഫ്ലാറ്റ് എനിക്ക് മനസിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. വന്ന ആദ്യ ദിവസം ആയതു കൊണ്ട്, ചെയ്യാൻ കുറച്ചധികം പണികൾ ഉണ്ടായിരുന്നു.എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവിടത്തെ സമയം 6 :30 ആയിരുന്നു.ഇന്ത്യയിൽ സമയം 10 കഴിഞ്ഞിട്ടുണ്ടാകും. വഴി തെറ്റിയെന്ന് മനസിലായപോളെക്കും 7 മണി കഴിഞ്ഞിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോളൂ എന്ന് പറഞ്ഞയാളിന്റെ വിവാഹ രാത്രിയായിരുന്നു അന്ന്. ഞാൻ എങ്ങനെ ആ നേരം അവനെ വിളിക്കും.എന്നിരുന്നാലും അവനെ വാത്‌സപ്പിൽ മെസ്സേജയച്ചു ചോദിച്ചു. അവൻ ഗൂഗിൾ മാപ്‌സ് ലൊക്കേഷൻ അയച്ചു തന്നു.അവനു 100 പുണ്യം മനസ്സിൽ നേർന്നു കൊണ്ട് പിന്നെയും നടന്നു. പക്ഷെ ഒരു വഴിയിലെത്തുമ്പോളേക്കും " അജ്ഞാത വഴി" എന്ന സന്ദേശം കാണിച്ചു ഗൂഗിളും  എന്നെ പറ്റിച്ചു.കൈയിലുണ്ടായിരുന്ന വിലാസം കാണിച്ചു ചോദിച്ചെങ്കിലും ഇംഗ്ലീഷ് മനസിലാകുന്നവർ തന്നെ വിരളം. ആർക്കും അറിയില്ല. ഞാൻ അന്വേഷിച്ച് നടക്കുന്ന    ഫ്ലാറ്റ് ഇവിടെ തന്നെ എന്നവർ പറയുന്നുണ്ട്. പക്ഷെ അതല്ലാതെ ഇതാ നിന്റെ ഫ്ലാറ്റ് എന്ന് ആരും ചൂണ്ടിക്കാണിച്ച് തന്നില്ല.

നേരം ഇരുട്ടി തുടങ്ങിയിരുന്നു.മൊബൈൽ ഇതിൽ കൂടുതൽ എനിക്ക് കാക്കാനാകില്ലെന്നു പറഞ്ഞു  സമരം ചെയ്തു സ്വിച്ച് ഓഫ് ആയി.

കട്ടകൂടിയ ഇരുട്ട്.വഴിയിലൊക്കെ ചെറിയ കാൽ വിളക്കുകൾ ഉള്ള ശാന്തമായ ഒരു ഗ്രാമപ്രദേശമാണ് സാവന്റേം .അവിടെ കടകൾ ഒക്കെ അടച്ചു കഴിഞ്ഞിരുന്നു.വല്ലപ്പോളും മൂളലോടെ പോകുന്ന വണ്ടികൾ അല്ലാതെ നടന്നു പോകുന്ന മനുഷ്യർ ഒക്കെ കുറവാണ്.

ഇടറാൻ തുടങ്ങിയ മനസിനെ ഞാൻ തന്നെ ശാസിക്കാൻ തുടങ്ങി.ലാപ് ടോപ് ഉള്ളതിനാൽ ഭാരമുള്ള  ബാഗും കൊണ്ട് നടന്ന ഞാൻ അത്യാവശ്യം തളർന്നിരുന്നു.ഒരു മണിക്കൂർ നന്നായി നടന്നിരുന്നു, ഇനി ഒരടി നടക്കാൻ വയ്യാതെ, കൈയിൽ വെള്ളവും ഇല്ലാതെ, അടുത്ത കണ്ട ഒരു ബസ്റ്റോപ്പിൽ കയറി ഇരുന്നു. അവിടെ അടുത്തൊക്കെ വില കൂടിയ റെസ്ററൗറന്റുകൾ അല്ലാതെ സൂപ്പർ മാർക്കറ്റ് ഒക്കെ അടച്ചു കഴിഞ്ഞിരുന്നു.ആ റെസ്ററൗറന്റുകളിൽ  ഒന്നും വെള്ളമില്ല. സ്റ്റീകും കാപ്പിയും കഴിച്ചു കൊണ്ടിരിക്കാൻ തോന്നിയില്ല. രാത്രി ആയി കഴിഞ്ഞു.എങ്ങോട് പോകും.ഓഫീസും എവിടെയെന്നറിയില്ല..വീടും എവിടെയെന്നറിയില്ല.. ഫോണും സ്വിച്ചഡ് ഓഫ്.

മനുഷ്യർക്കു എപ്പോളും ചിലച്ചു കൊണ്ടിരിക്കുന്ന ഉപബോധമനസും, വല്ലപ്പോളും മാത്രം  ശാസിക്കുന്ന ബോധമനസ്സും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. എന്തായാലും, ഒരു മനസ്സ് തളരുമ്പോൾ, മറ്റൊരു മനസ്സ് ധൈര്യം കൊടുക്കുന്നുണ്ട്."ഒന്നുമല്ലെങ്കിലും ഒരു യൂറോപ്യൻ രാജ്യമല്ലേ, ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയാലും പേടിക്കാൻ ഒന്നുമില്ല.പോലീസ്‌കാർ ചോദിച്ചാൽ  കമ്പനിയുടെ പേര് പറഞ്ഞു കൊടുക്കാം , അവർ കൊണ്ട് വന്ന ആക്കിത്തരും." എന്നൊക്കെ. പക്ഷെ എന്നാലും ഇടയ്ക്ക് എപ്പോഴോ  രണ്ടുപേരും കൂടി അടികൂടി , ഒടുവിൽ രണ്ടാളും ചേർന്ന് കരയുന്നതായി ഞാൻ മനസിലാക്കി.

 അതെ,   എന്റെ ധൈര്യം മുഴുവൻ ചോർന്നു പോയിരിക്കുന്നു. പേടിപ്പെടുത്തുന്ന 3 ഭീമാകാരന്മാർ തുറിച്ചു നോക്കികൊണ്ട് രണ്ട തവണ പട്ടികളുമായി എന്നെ കടന്നു പോയി.ഞാൻ വല്ലാതെ പേടിച്ചു തുടങ്ങിയിരുന്നു. ഒരു ടാക്സി വിളിച്ചാലും എങ്ങോട് പോകും.നേരെ പോലീസ് സ്റ്റേഷനിൽപോയാൽ പിന്നെ ഓഫീസിലുള്ളവർക്കൊക്കെ അതൊരു നാണകേടാകിലെ? പലതരം ചിന്തകൾ കൂടി കൂടി വന്നു. ഇരുട്ടിനും  കട്ടിയും കറുപ്പും കൂടി കൂടി വന്നു. മിടിച്ചു മിടിച്ചു ഹൃദയം എന്റെ ശരീരം വിട്ടു പുറത്തു വരുമോ എന്ന് പോലും തോന്നി പോയി.

ധാരാളം കൂട്ടുകാരും ബന്ധുക്കളും ഒക്കെ അവകാശപ്പെടാനുള്ള ഞാൻ മൈലുകൾക്കിപ്പുറം ഒറ്റയ്ക്ക് ആരെയും വിളിക്കാനാകാതെ നട വഴിയിൽ പാതിരാവടുക്കുമ്പോൾ  നിസ്സഹായയായി  ഇരിക്കുന്നു.

പെട്ടെന്നു എനിക്കരികിലേക്ക് മാലാഖയുടേത് പോലെ സൗമ്യമായ മുഖം ഉള്ള ഒരാൾ നടന്നു വന്നു. നല്ല തെളിഞ്ഞ ആംഗലേയത്തിൽ അയാൾ ചോദിച്ചു:

"ഞാൻ കുറച്ചു നേരമായി ശ്രെദ്ധിക്കുന്നു,എന്തോ ടെൻഷനിൽ ആണെന്ന് മനസിലായി.ഞാൻ എങ്ങനെയാണ് സഹായിക്കേണ്ടത്".

ഞാൻ കുറച്ചു നേരം അയാളെ നോക്കി. അയാൾ എന്നോട് തന്നെയാണോ സംസാരിക്കുന്നത് എന്നുറപ്പു വരുത്താൻ. മനസ്സിൽ ആദ്യം ഉരുണ്ടു  കൂടിയ ആശ്വാസം വെറും പുകമറയല്ലേ എന്ന് ചോദിച്ചു കൊണ്ട്, സംശയങ്ങൾ ഒന്നൊന്നായി വരാൻ തുടങ്ങി.

" ഇത്ര നേരം അടുത്തുള്ള റെസ്റ്റാറ്റാന്റിൽ ഇരുന്നു എന്നെ ശ്രദ്ധിച്ച ഇവൻ  ഒരു മ്ലേച്ഛൻ  ആയിരിക്കുമോ?" രാത്രി ആയിട്ടും സ്ട്രീറ്റിൽ തങ്ങുന്ന എനിക്ക് മറ്റുദ്ദേശങ്ങൾ  ആകാം  എന്നോർത്തു വന്നതാകുമോ എന്നൊക്കെ തോന്നി. പെട്ടെന്ന് തന്നെ ഞാൻ ഒന്നുമില്ലെന്ന്‌ പറഞ്ഞു തോളനക്കി, മുഖം തിരിച്ചു.

അവൻ അവിടെ തന്നെ എന്നെ നോക്കി കുറച്ചു നേരം നിന്നിട്ട് , എനിക്കരികിലിരുന്നിട്ടു പറഞ്ഞു:

 "എനിക്കറിയാം നിങ്ങൾ വല്ലാതെ ഭയപ്പെടുന്നു.എന്തുണ്ടെങ്കിലും പറയൂ.അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിച്ചിട്ട് നിങ്ങളെ സഹായിക്കാൻ പറയണോ"?

ദൈവം പോലും ഉറങ്ങാൻ തുടങ്ങിയ ഈ നേരത്തു വന്നു പോലീസിനെ വിളിക്കണോ എന്ന് ചോദിച്ചയാളെ വിശ്വസിക്കാമെന്നു ഉറപ്പിച്ചു ഞാൻ പറഞ്ഞു:

"ഞാൻ താമസിച്ച ഫ്ലാറ്റ് കണ്ടുപിടിക്കാൻ പറ്റുന്നില്ല.ഓഫീസ് എവിടെയെന്നറിയില്ല".

ഒന്നും മനസിലാകാതെ അയാൾ കുറച്ചു കൂടി കാര്യങ്ങൾ വിശദമായി ചോദിച്ചു. ഞാൻ ആദ്യമായി എത്തിയതാണെന്നൊക്കെ മനസിലാക്കിയ അയാൾ പറഞ്ഞു:
" യൂറോപ്പിലെ ഏറ്റവും നല്ല സുരക്ഷിതമായ ഒരു രാജ്യമാണ് ബെൽജിയം. ഇവിടെ വന്നിട് ആരും വിഷമിച്ച ഇരിക്കരുത്. നിങ്ങൾ പറയുംപോലെ പോലീസിനെ വിളിക്കണ്ട എങ്കിൽ, എങ്ങനെ ഈ  രാത്രി നിങ്ങൾ ഓഫീസിലെത്തും?"

അയാൾ ഞാൻ പറഞ്ഞു കൊടുത്ത പ്രകാരം , എന്റെ  ഓഫീസിൽ ഗൂഗിൾ മാപ്‌സിൽ കണ്ടെത്തി.അവിടുന്ന് 20 മിനിറ്റ്  യാത്രയുണ്ട്. അയാൾ ചോദിച്ചു :   " എന്റെ കാറിൽ കയറി വരാൻ തയ്യാറാണോ?"

 " ഈ ചോദ്യത്തിന് വലിയ നന്ദിയുണ്ട്.പക്ഷെ, ഇനി എന്തുണ്ടാകും എന്ന ഒരു ഭയം കൂടി താങ്ങാൻ ഈ രാത്രി എനിക്കിനി കഴിയില്ല"

ഞാൻ അയാളെ നോക്കി, ശേഷം തൊഴുതു.എന്റെ ചേഷ്ടയിൽ അദ്‌ഭുതം തോന്നിയിട്ടാണെന്നു തോന്നണു,

 " ആദ്യമായാണ് ഒരാൾ എന്നെ നോക്കി കൈ കൂപ്പുന്നത്.ഭയപ്പെടേണ്ട.ഞാൻ നിങ്ങളെ ഒന്ന്  തൊടുക പോലും ചെയ്യില്ല.നിങ്ങളെ ഈ രാത്രി ഓഫീസിലെത്തിക്കുക എന്നത് എന്റെ ഉത്തരവാദിത്തം ആണ്.അല്ലെങ്കിൽ ഈ രാത്രി മുഴുവൻ നിങ്ങൾക് കൂട്ടായി ഞാനും ഇവിടെ ഇരിക്കാം."


അത്രയും നേരം കടിച്ചു പിടിച്ചു നിന്ന എന്റെ കണ്ണുനീർ അറിയാതെ ഒഴുകി.ഞാൻ എഴുന്നേറ്റു. ബസ്‌സ്റ്റോപ്പിന് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് അയാൾക്കൊപ്പം നടന്നു.അയാൾ എനിക്ക് കാറിന്റെ സീറ്റ് ഡോർ  തുറന്നു തന്നപ്പോൾ പറഞ്ഞു" പ്ളീസ് ഡോൺ'ട് മൈൻഡ് ദി ബിയർ ബോട്ടൽസ്‌ ". അവിടെ വീണ്ടും കുറച്ചു ആശങ്ക ഉണ്ടായെങ്കിലും ഞാൻ എല്ലാ ദൈവങ്ങളെയും വിളിച്ച കയറി.

അയാളോട് ഞാൻ കാറിന്റെ ജനൽ തുറന്നിട്ടോട്ടെ എന്ന് ചോദിച്ചു. എന്നെ നോക്കി ചിരിച്ച് എല്ലാ സൈഡിലേയും ഗ്ലാസ്സുകൾ താഴ്ഴ്ത്തി.ഇനി എങ്ങാനും  അയാൾ ഉപദ്രവിക്കാൻ ശ്രേമിച്ചാൽ നിലവിളിക്കാമെന്ന ഉദ്ദേശത്തോടെ..

അറിയാത്ത ഒരു മനുഷ്യനോടും സംസാരിക്കാനോ ചിരിക്കാനോ അവർ വിളിക്കുന്നിടത്തേക്ക് പോകാനോ പാടില്ല എന്ന അമ്മയുടെ പഴക്കം ചെന്ന ഉപദേശം തലക്കുള്ളിൽ മുഴങ്ങി.

ആരെന്നോ എന്തെന്നോ അറിയാത്ത ഒരാളുടെ ഒപ്പം അറിയാത്ത രാജ്യത്തിലൂടെ സഞ്ചരിക്കുകയാണ്.എന്ത് സംഭവിച്ചാലും വ്യക്തമായും അതെന്റെ തന്നെ തെറ്റാണെന്നു ഉറപ്പുള്ളത് കൊണ്ട്  "ഇനി എന്തെങ്കിലുമാകട്ടെ.ഇയാളെ ഞാൻ വിശ്വസിക്കുന്നു "എന്ന് മനസിൽ പറഞ്ഞു കൊണ്ടേ ഇരുന്നു.
ഡ്രൈവ് ചെയ്തു തുടങ്ങിയ അയാൾ ചോദിച്ചു " നിങ്ങൾ ഇന്ത്യയിൽ നിന്നാണല്ലേ, അവരല്ലേ കൈ കൂപാറുള്ളത്. നിങ്ങൾ ആ ചെയ്തത് എനിക്ക് ഒത്തിരി ഇഷ്ടമായി."
ഈ ഒരു സന്ദർഭത്തിൽ ഇഷ്ടമെന്ന വാക്ക് പോലും ഒരു ഉൾകിടിലം തരും.ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ ഉള്ളിലെ പേടി കണ്ടിട് അയാൾ വീണ്ടും ചിരിച്ചു കൊണ്ട്ചോദിച്ചു:

" നിങ്ങൾക് എത്ര വയസുണ്ട്?"

ഉള്ളിലെ യാഥാസ്ഥിതിക വീണ്ടും ഉണർന്നെഴുന്നേറ്റു.
" ഈ നേരത്ത എന്റെ പ്രായം അറിഞിട് ഇയാൾക്കു എന്ത് വേണം". ഞാൻ പുള്ളിയെ ഒന്നും നോക്കി. എന്റെ മുഖത്തു എന്ത് ഭാവം ആയിരുന്നെന്നു എനിക്കറിയില്ല.പുള്ളി പിന്നീട് ഒന്നും ചോദിച്ചില്ല. ഒരു ചെറു പുഞ്ചിരിയോടെ വണ്ടി ഓടിച്ചു.

അയാൾ എന്തൊക്കെയോ വഴികൾ ഒക്കെ പറഞ്ഞു തന്നു കൊണ്ടേ ഇരുന്നു. പോകുന്ന വഴികൾ ഒക്കെ എത്തിവലിഞ്ഞു നോക്കുന്ന ശീലക്കാരിയായ ഞാൻ അന്നേരം പക്ഷെ ഒന്നും കേള്കുന്നുണ്ടായില്ല. വഴികളൊക്കെ വിജനം ആണ്.ഇയാൾ എങ്ങോട്ടാകും കൊണ്ട് പോകുന്നത് .

സമയം കുറച്ച കഴിഞ്ഞപ്പോൾ ഓഫീസിനടുത്തുള്ള പെട്രോൾ ബാങ്ക് ഞാൻ കണ്ടു.പതിയെ എന്റെ മുഖത്തു  ഒരു ചിരി പടരാൻ തുടങ്ങ്യത് ഞാൻ അറിഞ്ഞു."അതെ..ആ പെട്രോൾ ബാങ്ക്" എന്ന് ഞാൻ ആവേശത്തോടെ പറഞ്ഞു.ഞാൻ സന്തുഷ്ടയായതിൽ സന്തോഷിച്ചു അയാളും ചിരിച്ചു.

കണ്ണീർ ഒഴുകികൊണ്ടേ ഇരുന്നു.

" സഹോദരാ, അറിയാത്ത ഒരാളുടെ കാറിൽ കയറി ഇത്ര ദൂരം വരാൻ ഒരു പെൺകുട്ടി ഒരുങ്ങിയെങ്കിൽ, നിങ്ങൾ മനസിലാകണം, ഞാൻ എത്രമേൽ ക്ഷീണിത ആയിരുന്നെന്നു. അത് മനസിലാക്കി എന്നെ ഇവിടം വരെ എത്തിച്ച നിങ്ങളെ ഞാൻ ഒരിക്കലും മറക്കില്ല.നിനങ്ങൾക്കിത് ഒരു പക്ഷെ വല്യ  കാര്യം ആയിരിക്കില്ല. പക്ഷെ, പെട്ടെന്നു വാതിലടഞ്ഞു പോയതുപോലെ കുടുങ്ങി നിന്ന എനിക്ക് നിങ്ങൾ ദൈവം ആണ്."

അയാൾ ചിരിച്ചിട് പറഞ്ഞു: " നിങ്ങൾ എത്ര സ്നേഹത്തോടെയാണ് സഹോദരാ എന്ന് വിളിക്കുന്നത്".അവർക്കു സ്വായത്തമായ ഒരു പ്രത്യേക ശൈലിയിൽ പുള്ളി ആത്മഗതം ചെയ്തു

" അതും ഒരു അപരിചിതനെ.അപ്പോൾ ഇന്ന് മുതൽ എനിക്ക് ഇന്ത്യയിൽ നിന്നും ഒരു പെങ്ങളുണ്ട് ".

എന്നിട് ഉറക്കെ പൊട്ടി ചിരിച്ചു. പ്രാഞ്ച്യേട്ടൻ സിനിമയിൽ പറേണ പോലെ , യേശുവിനെ പോലും യേശുവേട്ട എന്ന് വിളിക്കണ ടീമിസാ നമ്മൾ മലയാളികൾ.

പക്ഷെ ഈ സഹോദരാ വിളി എന്റെ ഉള്ളിൽ നിന്നും വന്നതാണ്.  എന്റെ ഓഫീസിനു മുന്നിൽ വണ്ടി  നിർത്തി ഞാൻ ഇറങ്ങി.എന്നോട് കയറി പോകാൻ കൈ വീശികാണിച്ചു.ആ ഓഫീസിൽ വാതിലിൽ  നിന്നപ്പോൾ  അയാൾ കാറിൽ നിന്നും എന്തോ  ചോദിക്കുന്നത് പോലെ;ഫോൺ കാണിച്ചത് പോലെ തോന്നുന്നു. നമ്പർ വല്ലതും ചോദിച്ചതാണോ എന്നറിയില്ല. എന്നാൽ വീണ്ടും കൈ വീശികാണിച്ച ഞാൻ ഓഫീസിലേക്കു കയറി. ഇനി അയാളോട് സംസാരിച്ച എന്തെങ്കിലും മുഷിച്ചിൽ ഉണ്ടാകുമോ എന്ന ഭയം ആയിരുന്നു അതിനു കാരണം.ഈ ഭൂമിയിൽ മനുഷ്യത്വവും സാഹോദര്യവും വേണ്ടുവോളം ഉണ്ട് എന്ന് എനിക്ക് ഉറപ്പു വരുത്താൻ ഈ അപരിചിത സഹോദരന്റെ ഉദാഹരണം ഈ ജീവിതകാലം മുഴുവൻ വേണം .ഇന്നിപ്പോ  അദ്ദേഹത്തിന് എനിക്കുള്ളിൽ  സഹോദരന്റെ സ്ഥാനം ആണ്. അതിനു ഒരു പോറൽ പോലും ഏൽക്കരുത് എന്ന്  കരുതി തന്നെ മറ്റൊരു ചോദ്യത്തിനും  നില്കാതെ  ഞാൻ തിരിഞ്ഞു  നടന്നു.

 കൂണ് പൊട്ടി മുളക്കുന്നത്  പോലെ ബന്ധങ്ങൾ  ഉണ്ടാക്കുകയും  തീർക്കുകയും  ചെയ്യുന്നവരാണ്  പാശ്ചാത്യർ  എന്ന മിഥ്യ  ധാരണ എനിക്കുള്ളിൽ ശക്തമായി നിലനിൽക്കുന്നത് കൊണ്ടാകാം , അയാൾ ഫോൺ കാണിച്ചു   ചോദിച്ചതെന്താകാം എന്നോർക്കാൻ തോന്നിയിട്ടില്ല പിന്നീട് പോലും.

മാസങ്ങൾക്കു  ശേഷം, എന്റെ രാജ്യത്തെ, എന്റെ സ്വന്തം വീട്ടിലെ സുരക്ഷിതത്വത്തിന്റെ കീഴിൽ കാറ്റും കൊണ്ടിരുന്നു റോബിൻ ശർമ്മയുടെ " Be help to someone " എന്ന ബ്ലോഗ് വായിക്കുമ്പോൾ അപരിചിതനായ സഹോദരന്റെ ആ മുഖം ഓര്മയില്ലെങ്കിലും അയാൾക്കു വേണ്ടി പ്രാർത്ഥിക്കാൻ തോന്നുന്നത് അയാൾ നല്ലവനായത് കൊണ്ടോ? അതോ എന്റെ മനസു അത്രമേൽ കളങ്കമറ്റത്  കൊണ്ടോ? അതുമല്ലെങ്കിൽ, സുരക്ഷിതത്വത്തിന്റെ കുടകീഴിൽ മാത്രം നന്മയുടെ പരിവേഷങ്ങളായി ആ ഓർമ്മകൾ കടന്നു വരുന്നത് കൊണ്ടോ!!

No comments:

Post a Comment